Saturday, September 20, 2008

21. റമദാന്‍: നിങ്ങള്‍ എന്ത്‌ എഴുതിച്ചേര്‍ത്തു?

നന്മയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ റമദാന്‍. ആ വിശുദ്ധമാസത്തില്‍ ഇനി 10 ദിനം തികച്ചുമില്ല. വീണ്ടും വിലയിരുത്തുക. ആയുസ്സിന്റെ കണക്കുപുസ്‌തകത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്കായി കുറിച്ചുവച്ചതെന്താണ്‌?

Friday, September 19, 2008

20. റമദാന്‍: മാതാവിനെ വിളിച്ചോ?

നിങ്ങള്‍ ജനിക്കുന്നതിനു മുമ്പേ നിങ്ങളുടെ ആശ്രിതത്വം തുടങ്ങുന്നു. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതരായിരുന്നു നിങ്ങള്‍. ലോകത്ത്‌ ജീവിത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും കടുത്ത വേദന സഹിച്ച്‌ പത്തുമാസങ്ങള്‍ക്കു ശേഷം നിങ്ങളെ അവര്‍ പ്രസവിച്ചു. പുതിയ ലോകക്രമത്തോട്‌ ഇഴുകിച്ചേരും വരെ നിങ്ങളെ നോക്കിവളര്‍ത്തി. മരിക്കും വരെ, നിങ്ങളാണ്‌ ആദ്യം മരിക്കുന്നതെങ്കില്‍ അതിനു ശേഷവും നിങ്ങളെക്കുറിച്ചോര്‍ത്ത്‌ ജീവിക്കുന്നു. ഈ സ്‌നേഹവും കടപ്പാടും നിങ്ങള്‍ എങ്ങനെയാണ്‌ തിരിച്ചുവീട്ടുന്നത്‌? മാതാപിതാക്കളുടെ കാലടിയിലത്രെ സ്വര്‍ഗം എന്ന നബിവചനം ഓര്‍ക്കുക. മാതാപിതാക്കളുടെ തീരെച്ചെറിയ കാര്യങ്ങള്‍ പോലും അന്വേഷിക്കുകയും അതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വേണം. ദിവസവും അവരോടു സംസാരിക്കണം. അവരുടെ കൈ പിടിച്ച്‌ സ്‌നേഹത്തോടെ അവരോടൊപ്പമിരിക്കണം. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുണ്ട്‌ അല്ലെങ്കില്‍ ഉണ്ടാവും എന്ന കാര്യംകൂടി ഓര്‍ക്കണം. കഴിഞ്ഞ തവണ ഭക്ഷണം കഴിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നോ? റമദാനില്‍ അത്താഴം കഴിക്കാനെണീക്കുമ്പോള്‍ അവരെക്കൂടി വിളിക്കുക. ആ ശീലമില്ലെങ്കില്‍ പുതിയ തുടക്കമാവട്ടെ ഈ റമദാന്‍.

19. റമദാന്‍: സമയമില്ല, പിന്നെ നോക്കാം

ദിവസത്തില്‍ പല തവണ നാം മറ്റുള്ളവരോടും തന്നോടുതന്നെയും പറയുന്ന വാചകമാണിത്‌. എന്താണു സമയം? വ്യക്തമായ നിര്‍വചനം അസാധ്യമാണെങ്കിലും ഒരു കാര്യം നമുക്കറിയാം. ചെയ്‌തു തീര്‍ക്കാനുള്ള കാര്യങ്ങളാണ്‌ സമയമുണ്ടോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുന്നത്‌. രാവിലെ ഏഴു മണിക്കുള്ള ട്രെയിനിനു പുറപ്പെടേണ്ടയാള്‍ രാവിലെ എട്ടു മണി വരെ കിടന്നുറങ്ങിയാലോ. ആറരയ്‌ക്കെങ്കിലും ഉണര്‍ന്ന്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച്‌, ചായ കുടിച്ച്‌ 6.55ന്‌ സ്റ്റേഷനിലെത്തി ടിക്കറ്റ്‌ എടുത്തില്ലെങ്കില്‍ അന്നത്തെ പദ്ധതി മൊത്തം പാളിയതു തന്നെ. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പരമാവധി സമയം കണ്ടെത്തുകയാണു വേണ്ടത്‌.തറാവീഹ്‌ നിസക്കരിക്കാന്‍ അരമണിക്കൂര്‍ ഇല്ല; ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ മല്‍സരം തീരുന്നതറിഞ്ഞില്ല എന്ന്‌ ഈയിടെ പ്രചരിച്ച ഒരു ഇമെയിലില്‍ പറയുന്നു. നന്മകള്‍ക്കു സമയം കണ്ടെത്തുക. ആ ശീലം തുടങ്ങാനുള്ള നല്ല സമയമാണിത്‌.

18. റമദാന്‍: ആരാ നിന്റെ സുഹൃത്ത്‌?

എല്ലാ വഴികളും താണ്ടാന്‍ കൂടെ ഒരു സുഹൃത്തുണ്ടായിരിക്കുക എന്നത്‌ അനുഗ്രഹം തന്നെ. തളരുമ്പോള്‍ കൈത്താങ്ങാവാന്‍, സന്തോഷങ്ങളില്‍ കൂടെയുണ്ടാവാന്‍, സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവയ്‌ക്കാന്‍ അങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ക്ക്‌ നമുക്കൊരു സുഹൃത്തിന്റെ ആവശ്യമുണ്ട്‌. പലരും മാതാപിതാക്കളോടു പങ്കുവച്ച്‌ പരിഹാരം തേടാന്‍ മടിക്കുന്ന കാര്യങ്ങള്‍ സുഹൃത്തുക്കളുമായി തുറന്നു ചര്‍ച്ച ചെയ്യാറുണ്ട്‌. ഇങ്ങനെ താങ്ങും തണലുമായ സുഹൃത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും നമ്മുടെ സ്വഭാവവും. നമ്മുടെ കുറവുകള്‍ മറ്റൊരാളോടു പറയാതിരിക്കുകയും അതു നമ്മോടു പറയുകയും ചെയ്യുന്നവനാണ്‌ സുഹൃത്ത്‌ എന്നൊരു മഹദ്‌ വചനമുണ്ട്‌. സുഹൃത്തുക്കള്‍ പരസ്‌പരം ബാധ്യതയുള്ളവരായതു കൊണ്ടു തന്നെ പരസ്‌പര വിശ്വാസം അവര്‍ക്കിടയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. ഈ വിശ്വാസവും പരസ്‌പരമുള്ള ഗുണകാംക്ഷയും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. സുഹൃത്തുക്കളെ നേര്‍വഴിക്കു നയിക്കാന്‍ നിങ്ങള്‍ക്കും നിങ്ങളെ നേര്‍വഴിക്കു നയിക്കാന്‍ സുഹൃത്തുക്കള്‍ക്കും കഴിയണം. 'നീ വന്നേ ഇവിടെയൊന്നു കയറിയിട്ടു പോവാം' എന്നു സുഹൃത്ത്‌ പറഞ്ഞാല്‍ അതു നല്ല സ്ഥലമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സുഹൃത്തിനെ തടയാന്‍ കഴിയണം. അതു നല്ലതിനാണെങ്കില്‍ അതില്‍ നിന്നു പൂര്‍ണമായി അകന്നുപോവുകയുമരുത്‌. ഇങ്ങനെയുള്ള സൂക്ഷ്‌മതയ്‌ക്ക്‌ നിങ്ങള്‍ക്കും സുഹൃത്തിനും ദൈവവിശ്വാസമുണ്ടായിരിക്കേണ്ടത്‌ അനിവാര്യമാണ്‌. അതെ, നല്ല സുഹൃത്തുക്കളെ തിരിച്ചറിയാന്‍ അല്ലെങ്കില്‍ സുഹൃത്തുക്കളെ നല്ലവരാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിടാം ഈ റമദാനില്‍.

17. റമദാന്‍: വഴികള്‍ എല്ലാവര്‍ക്കുമുള്ളതാണ്‌

ഒരു പക്ഷേ കേരളീയരുടെ മാത്രം ശീലമായിരിക്കും സദാ തുപ്പിക്കൊണ്ടു നടക്കുക എന്നത്‌. മറ്റുള്ളവര്‍ക്കു കൂടി നടന്നു പോവാനുള്ളതാണ്‌ വഴികള്‍ എന്ന ധാരണയില്ലാത്തതും ഒന്നു തുപ്പിയാലെന്താ എന്ന നിഷേധാത്മക നിലപാടുമാണ്‌ ഈ ദുശ്ശീലത്തിന്റെ പ്രധാനകാരണം. ഇതൊക്കെ വയസ്സന്‍മാരുടെയും മുറുക്കുന്നവരുടെയും ശീലമാണെന്ന്‌ ചില ചെറുപ്പക്കാര്‍ പറയുന്നു. പല പൊതുസ്ഥലങ്ങളിലും ച്യൂയിങ്‌ഗം ഒട്ടിച്ചുവയ്‌ക്കുന്നവര്‍ വയസ്സന്‍മാരല്ല. ബസ്‌സ്റ്റോപ്പുകളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും ഇരിപ്പിടങ്ങളിലും കൈകാലുകള്‍ വയ്‌ക്കുന്നിടത്തും ഇതുകാണാം. മറ്റുള്ളവര്‍ ചവച്ചുതുപ്പിയ ച്യൂയിങ്‌ഗം കൈകാലുകളില്‍ പുരളുന്നത്‌ ഓര്‍ത്തു നോക്കൂ. കേരളത്തിലെ നിരത്തുകളില്‍ രാവിലെ കുളിച്ച്‌ ഭംഗിയായി നടന്നുപോവുമ്പോള്‍ തുപ്പലില്‍ ചവിട്ടാതെ നടക്കാന്‍ അല്‍പ്പമൊന്നു സൂക്ഷിക്കേണ്ടി വരുന്നു. ഇതു തുപ്പലിന്റെയും ച്യൂയിങ്‌ഗത്തിന്റെയും മാത്രം കാര്യമല്ല. മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടാണ്ടുക്കുന്ന എല്ലാ ശീലങ്ങളും നാം ഉപേക്ഷിക്കേണ്ടതുണ്ട്‌. ഓഫിസിലും ക്ലാസ്‌മുറിയിലും കടലാസു കഷ്‌ണങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും തീവണ്ടിയുടെ ചുവരുകളില്‍ അശ്ലീലം കോറി വയ്‌ക്കുന്നതും വരെ ഇത്തരം ദുശ്ശീലങ്ങളുടെ കൂട്ടത്തില്‍പ്പെടും. മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നു മാറിനില്‍ക്കാന്‍ ഏറ്റവും പ്രധാന പ്രേരണ സ്വയം കാണിക്കുന്ന ലളിതവും എന്നാല്‍ അമൂല്യവുമായ ജാഗ്രതയാണ്‌. ഈ ജാഗ്രത സഹജീവിസ്‌നേഹത്തില്‍ നിന്ന്‌ ഉടലെടുക്കുന്നതുമാണ്‌. ദൈവം ചെറിയ നന്മകള്‍ പോലും കാണുന്നു എന്നു മനസ്സിലാക്കുക. വിധിനിര്‍ണയ നാളിലെ അവസ്ഥാവിശേഷം ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

അണുമണി തൂക്കം നന്മ ചെയ്‌തവന്‍ അതു കാണും; അണുമണി തൂക്കം തിന്മ ചെയ്‌തവന്‍ അതും കാണും.

Tuesday, September 16, 2008

16. റമദാന്‍: വെടി പൊട്ടിക്കുന്നവര്‍ സൂക്ഷിക്കുക

സംസാരത്തിനിടയില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നുണ പറയുന്നവനാരോ, അവനു നാശം! അവനു നാശം! അവനു നാശം! - മുഹമ്മദ്‌ നബി (സ)

കൂട്ടുകൂടിയങ്ങനെ സംസാരിച്ചിരിക്കുന്നത്‌ രസകരം തന്നെ. പലരും ഓഫിസിലെയും കോളേജിലെയും സ്‌കൂളിലെയുമൊക്കെ തിരക്കില്‍ നിന്ന്‌ ആശ്വാസം തേടുന്നതും ഇത്തരം കൂട്ടായ്‌മകളില്‍ത്തന്നെ. രസകരവും വിലപിടിപ്പുമുള്ള കാഴ്‌ചകള്‍, അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍, ഭാവിപദ്ധതികള്‍, രാഷ്ട്രീയം ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ടാവും പറയാന്‍. പരസ്‌പരം ഇത്തരത്തില്‍ കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത്‌ ആരോഗ്യകരമായ ശീലം തന്നെ. നിര്‍ദോഷകരമായ ഈ ഒത്തുചേരലുകള്‍ അനാരോഗ്യകരമാക്കുന്നതാണ്‌ രസത്തിനു താങ്ങിവിടുന്ന നുണകള്‍. സംസാരത്തിനിട.ില്‍ മറ്റുള്ളവരെ രസിപ്പിക്കാന്‍ നുണ പറയുന്നവന്‌ നാശമെന്ന്‌ നബി(സ) പ്രസ്‌താവിച്ചിരിക്കുന്നു. അപ്പോള്‍ ഓര്‍ക്കുക; മാനസികോല്ലാസം നല്ലത്‌. പക്ഷേ അത്‌ അതിരുവിടരുത്‌.

15. റമദാന്‍: നിരീക്ഷണങ്ങള്‍ക്കുള്ള മാസം

ലോകത്തിന്റെ ഭംഗി ആസ്വദിക്കുക. മഞ്ഞുതുള്ളികളെയും പുല്‍ക്കൊടികളെയും പൂമ്പാറ്റകളെയും കുറിച്ച്‌ അല്‍ഭുതപ്പെടുക. കുരുവികള്‍ സൂര്യനുദിക്കും മുമ്പ്‌ എഴുന്നേല്‍ക്കുന്നതിനെയും മൂങ്ങകള്‍ രാത്രിയാവാന്‍ കാത്തുനില്‍ക്കുന്നതിനെയും കുറിച്ചു ചിന്തിക്കുക. ഒട്ടകം മരുഭൂമിയിലെ തീക്കാറ്റ്‌ താണ്ടുന്നതും കുഴിയാന ഉറുമ്പുകളെ വീഴ്‌ത്തുന്നതും ശ്രദ്ധിക്കുക. സ്‌ത്രീ-പുരുഷ ബീജങ്ങള്‍ സംയോജിക്കുന്നതും മനുഷ്യശിശു രൂപം കൊള്ളുന്നതും പിന്നീട്‌ അത്‌ ആണോ പെണ്ണോ എന്ന്‌ തീരുമാനിക്കപ്പെടുന്നതും പഠിക്കുക. തികച്ചും വ്യത്യസ്‌തമായ രണ്ടു സമുദ്രജല പ്രവാഹങ്ങള്‍ തമ്മില്‍ കൂടിച്ചേരാതെ ഒഴുകിക്കൊണ്ടിരിക്കുന്നത്‌ മനസ്സിലാക്കുക. അതെ, ഈ ഭമിയുടെയും അതിന്റെ ഓരോ ഘടകത്തെയും എത്ര വിദഗ്‌ധമായാണ്‌ സംവിധാനിച്ചിരിക്കുന്നത്‌ എന്നു നിരീക്ഷിക്കാനും അതില്‍ നിന്നു പാഠമുള്‍ക്കൊള്ളാനും ഈ മാസം ഉപകാരപ്പെടണം. അതില്‍ നിന്ന്‌ ദൈവത്തിന്റെ കരുത്തും സ്‌നേഹവും ബോധ്യപ്പെടണം. അതിനുള്ള ശ്രമങ്ങള്‍ ഈ മാസം തുടങ്ങിവയ്‌ക്കുക.

14. റമദാന്‍: വൃത്തി വിശ്വാസത്തിന്റെ പാതിയാണ്‌

വൃത്തിയായി നടക്കുന്നവരെ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌! ജീവിതത്തിന്റ എല്ലാ മേഖലകളിലും എല്ലാ സമയത്തും വൃത്തിയായിരിക്കുക എന്നത്‌ ജീവിതം ആരോഗ്യകരമായിരിക്കുന്നതിന്‌ സുപ്രധാനമാണ്‌. അതു കൊണ്ടു തന്നെ വൃത്തിക്ക്‌ ഇസ്‌ലാം സുപ്രധാനമായ സ്ഥാനമാണു നല്‍കിയിരിക്കുന്നത്‌. വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്‌ എന്ന നബിവചനം ഓര്‍ക്കുക.തനിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ഈ ബോധം നമുക്കുണ്ടാവണം. വൃത്തിയായി നടക്കുന്നവര്‍ക്ക്‌ മാനസികമായും അതിന്റെ ഗുണമുണ്ടാവുമെന്നുറപ്പ്‌. പ്രധാന ആരാധനാ കര്‍മങ്ങള്‍ക്കു മുമ്പ്‌ ശരീരമോ ശരീരഭാഗങ്ങളോ വൃത്തിയാക്കേണ്ടത്‌ അനിവാര്യമാണ്‌. റമദാനില്‍ ആരാധനാകര്‍മങ്ങളില്‍ കണിശത പുലര്‍ത്തുന്നയാള്‍ക്ക്‌ മാസം മുഴുവന്‍ വൃത്തിയായിരിക്കേണ്ടി വരും. ഈ ശുചിത്വബോധം റമദാനു ശേഷവും തുടര്‍ന്നുകൊണ്ടു പോണം.

Sunday, September 14, 2008

13. റമദാന്‍: ജീവിതം ചിട്ടപ്പെടുത്താനുള്ള കാലം

നിങ്ങളുടെ മുന്‍ഗാമികള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരായേക്കാം- വിശുദ്ധ ഖുര്‍ആന്‍

ജീവിത്തിന്റെ ഏതു മേഖലയിലായാലും സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കായിരിക്കും വിജയം എന്നത്‌ ലളിതമായ സത്യം. ഒരു ക്രിക്കറ്റ്‌ ബോളറെ സംബന്ധിച്ചേടത്തോളം അയാള്‍ പന്തെറിയാനായി ഓട്ടം തുടങ്ങേണ്ട സ്ഥലം, വേഗത, പന്തെറിയേണ്ട സ്ഥലം, പന്തെറിയുന്ന സ്ഥലത്തെ കാലിന്റെ വേഗത, കാല്‍ വയക്കേണ്ട സ്ഥലം, പന്തിന്റെ വേഗത, അതു ചെന്നു പതിക്കേണ്ട സ്ഥലം, ബാറ്റ്‌സ്‌മാന്‍ അത്‌ അടിച്ചുതെറിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലം എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പന്തെറിയുന്നതിനു മുമ്പ്‌ സഹകളിക്കാരെ സമര്‍ത്ഥമായി വിന്യസിക്കാനും ബോളര്‍ ശ്രമിക്കുന്നു. അയാളുടെ പ്രകടനം മൊത്തം ടീമിന്റെ ജയപരാജയത്തെ ബാധിക്കുകയും ചെയ്യുന്നു. ഏതു കളിയിലും ഇങ്ങനെ ഒറ്റയിരിപ്പിന്‌ പറഞ്ഞു തീര്‍ക്കാനാവാത്ത നൂറനൂറു കാര്യങ്ങളുണ്ട്‌ ശ്രദ്ധിക്കാന്‍.ഇനി, ജീവിതത്തിലെങ്ങും ഇത്തരം സൂക്ഷ്‌മത പാലിച്ചാല്‍ ഒരാള്‍ക്കുണ്ടാവുന്ന താളത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഇത്തരത്തില്‍ സൂക്ഷ്‌മത പാലിക്കാന്‍ ബാധ്യസ്ഥനാണ്‌ ഓരോ വിശ്വാസിയും. അതു തനിക്കു തന്നെയാണ്‌ ഗുണംചയ്യുമെന്ന ഉത്തമബോധ്യത്തോടെയാവുമ്പോള്‍ അതു ജീവിതത്തെയാകെ പുതുക്കിപ്പണിയുന്നു. ഇങ്ങനെ സൂക്ഷ്‌മത പാലിക്കാനുള്ള ഉത്തമമായ ഓര്‍മപ്പെടുത്തലും മാര്‍ഗവുമാണ്‌ റമദാന്‍.

Thursday, September 11, 2008

12. റമദാന്‍: കണ്ണീരൊപ്പുക, കൈത്താങ്ങാവുക

നിങ്ങള്‍ എങ്ങനെ ഇത്ര ഉയര്‍ന്ന നിലയിലെത്തി? നിങ്ങളുടെ ജീവിത്തില്‍ ആരുടെയും ഉപകാരം നിങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലേ? ഉണ്ടെങ്കില്‍ സമൂഹത്തിന്‌ അത്‌ ഏതെങ്കിലും വിധത്തില്‍ തിരിച്ചുനല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്‌. ഇനി ഒരു സഹായവും സ്വീകരിച്ചിട്ടില്ല എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കില്‍ ആ ഉത്തരം തന്നെ തെറ്റാണ്‌. പണത്തിനു മൂല്യമുണ്ടെങ്കിലും അതില്‍ ഒതുങ്ങുന്നതല്ല നിങ്ങള്‍ക്കു ലഭിച്ച സേവനത്തിന്റെയോ സഹായത്തിന്റെയോ മൂല്യം. മറ്റുള്ളവരുടെ വേദനകള്‍ പങ്കുവയ്‌ക്കാന്‍, അവര്‍ക്കു സഹായമെത്തിക്കാന്‍ തയ്യാറാവുക. സമൂഹജീവിയെന്ന നിങ്ങളുടെ അസ്ഥിത്വത്തിന്‌ അര്‍ത്ഥമുണ്ടാവട്ടെ. റമദാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അത്‌ മുടക്കംവരാതെ പാലിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ വിശ്വാസികളില്‍പ്പെട്ടവനല്ല എന്ന പ്രവാചകന്റെ പ്രസ്‌താവന ഓര്‍ക്കുക. ഇതു കേവലം ഭക്ഷ്യവസ്‌തുക്കളുടെ മാത്രം കാര്യമല്ല. ബുദ്ധിമുട്ടനുഭവിക്കുന്നവരോട്‌ സഹതാപമുണ്ട്‌ എന്നാണു നിങ്ങളുടെ മനസ്സു പറയുന്നതെങ്കില്‍ അതു നന്ന്‌. എന്നാല്‍ സഹതാപം മാത്രമുണ്ടായാല്‍ വിശപ്പും ബുദ്ധിമുട്ടുകളും മാറില്ലല്ലോ. അവര്‍ക്കു വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു ചിന്തിക്കുകയും കഴിയുമെങ്കില്‍ ഒരു കൂട്ടായ്‌മയിലൂടെ അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യണം. വിശ്വാസികള്‍ക്ക്‌ ധനം സമ്പാദിച്ചു സമ്പാദിച്ചു കൂട്ടിവയ്‌ക്കാന്‍ അധികാരമില്ല തന്നെ! അതു കൊണ്ടാണല്ലോ അണിയാതെ എടുത്തുവയ്‌ക്കുന്ന ആഭരണങ്ങള്‍ക്ക്‌ ഇസ്‌ലാം സക്കാത്ത്‌ (നിര്‍ബന്ധ ദാനം) ഏര്‍പ്പെടുത്തിയത്‌. പണം എണ്ണി തിട്ടപ്പെടുത്തലായിരുന്നല്ലോ അവരുടെ ജോലിനിങ്ങളുടെ ധനം കെട്ടിവയ്‌ക്കാതെ യഥോചിതം ചെലവഴിക്കാന്‍ ആഹ്വാനമേകുന്നുഅനാഥകളെയും അഗതികളെയും അവര്‍ സംരക്ഷക്കുന്നില്ലഎന്നിങ്ങനെ അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഓര്‍ക്കുക. നമ്മുടെ പങ്ക്‌ നാം തന്നെ നല്‍കേണ്ടതുണ്ട്‌.

11. റമദാന്‍: കൂട്ടത്തില്‍ കൂടാന്‍ എന്തു രസം

അമേരിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ ധീരമായി പോരാടിയ എബ്രഹാം ലിങ്കണ്‍ എഴുതിയ അധ്യാപകന്‌ എന്ന കവിത, തന്റെ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട്‌ ഒരച്ഛന്‍ അധ്യാപകന്‌ എഴുതിയ കത്താണ്‌. മകനെ ജീവിത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്തെന്നു ബോധ്യപ്പെടുത്തണമെന്നും അവനെ ശരിയായ പാത കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെടുന്നതാണ്‌ കവിത. ഒരിടത്ത്‌, കൂട്ടത്തില്‍ (Bandwagon) കൂടി മറ്റുള്ളവരെ അനുകരിച്ച്‌ മുന്നോട്ടു പോവുന്നതിലെ അപകടത്തെപ്പറ്റി തന്റെ കുട്ടിയെ ബോധ്യപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്‌. ആകര്‍ഷകമായ പൊതികള്‍ക്കുള്ളില്‍ എപ്പോഴും ആകര്‍ഷകമായ സമ്മാനങ്ങളാവില്ല ഉണ്ടാവുക എന്നത്‌ അധ്യാപകരും രക്ഷിതാക്കളും ഇടയ്‌ക്കിടെ കുട്ടികളെ ഓര്‍മിപ്പിക്കാറുണ്ട്‌. എത്ര വലുതായാലും മനുഷ്യനെ നയിക്കേണ്ട പാഠമാണിത്‌. മറ്റുള്ളവരുടെ തിളങ്ങുന്ന വസ്‌ത്രങ്ങളും ബഹളമയമായ പെരുമാറ്റങ്ങളും അനുകരിക്കാന്‍ ശ്രമിക്കുക യുവാക്കള്‍ക്കിടയില്‍ പതിവാണ്‌. ഖേദകരമെന്നു പറയട്ടെ നല്ല കാര്യങ്ങള്‍ക്ക്‌ ചെറുപ്പക്കാര്‍ ഒരുമിച്ചു കൂടുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും വളരെ കുറവാണ്‌. സിഗററ്റ്‌ വലിക്കുന്ന അഞ്ചാറു ചെറുപ്പക്കാര്‍ക്കിടയില്‍ ഇരിക്കുന്ന പുകവലി ശീലമില്ലാത്ത യുവാവിന്‌ സിഗററ്റ്‌ വലിക്കാനുള്ള പ്രേരണ കൂടും. എന്നാല്‍, അവസാനം വരെ പുകവലിക്കാതെ അവനു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അവരില്‍ ഏറ്റവും ശക്തമായ മനസ്സിനുടമ ആ 'ഒറ്റയാന്‍' തന്നെ. മദ്യപാനത്തിന്റെ കാര്യത്തില്‍ ഇതു കുറേക്കൂടി ശക്തമാണ്‌. പലരും മദ്യം കഴിച്ചുതുടങ്ങുന്നതും ഇങ്ങനെ കൂട്ടത്തില്‍ക്കൂടി നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌. എല്ലാ മതസ്ഥരുടെയും വിവാഹവീടുകളില്‍ മദ്യവിരുന്ന്‌ ഒഴിച്ചുകൂടാനാവാത്ത ചടങ്ങായി മാറിയിട്ടുണ്ട്‌. നേരത്തേ പറഞ്ഞ പോലെ 'അവന്റെ പെങ്ങളുടെ കല്ല്യാണത്തിന്‌ കുപ്പിയിറക്കിയിരുന്നില്ലേ? പിന്നെന്താ നിനക്കിത്ര.......... ' എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിനു മുന്നില്‍ നല്ല കുടുംബങ്ങളിലെ ചെറുപ്പക്കാര്‍ പോലും കീഴടങ്ങുന്നു. ഒരിക്കലെങ്കിലും ഇതൊന്നു രുചിച്ചയാളാണെങ്കില്‍ 'ഓ നിന്റെ കാര്യം കഴിഞ്ഞപ്പോള്‍ നീ നല്ലവനായി' എന്നാവും. ധൂര്‍ത്തിന്‌ വഴികള്‍ ഒട്ടും കുറവല്ല പുതിയ കാലത്ത്‌. മൊബൈല്‍ റീചാര്‍ജ്‌ മുതല്‍ മയക്കുമരുന്നു വരെ അതങ്ങെ നീണ്ടു കിടക്കുന്നു. ഓര്‍ക്കുക മനസ്സിനെ നിയന്ത്രക്കുന്നവന്‍ തന്നെയാണ്‌ യഥാര്‍ത്ഥ ശക്തന്‍.

Tuesday, September 9, 2008

10. റമദാന്‍: പഠനത്തിന്റെ കാലം

മാനവരാശിക്ക്‌ വിമോചനത്തിന്റെ വെള്ളിവെളിച്ചവുമായി ഖുര്‍ആന്‍ അവതരിച്ചു തുടങ്ങിയ മാസമാണ്‌ റമദാന്‍. ഇഖ്‌റഅ്‌ (വായിക്കുക!) എന്നതായിരുന്നു ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട വാക്ക്‌. ഖുര്‍ആന്‍ വായിക്കാനും അതിന്റെ അനുപമമായ സൗന്ദര്യത്തെയും, ജീവിതത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും അതു മുന്നോട്ടു വയ്‌ക്കുന്ന നന്മ നിറഞ്ഞ വഴികളെയും, തെറ്റിലേക്കു നീങ്ങുന്നവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പുകളെയും കുറിച്ചു പഠിക്കുവാന്‍ ഈ മാസം പൂര്‍ണ തോതില്‍ ഉപയോഗിക്കുക.

Monday, September 8, 2008

9. റമദാന്‍: കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍

കുടുബബന്ധങ്ങള്‍ മുറിച്ചു കളയുന്നവര്‍ക്ക്‌ ഇസ്‌ലാമിന്റെ കീഴിലാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല.്‌അതേ സമയം, കുടുബബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കുന്നവന്‌ ഇസ്‌ലാം ഉന്നതസ്ഥാനം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. സൗകര്യങ്ങള്‍ക്കൊന്നും ഒരു കുറവും നമുക്കില്ല. എന്നാല്‍ ഇവയൊക്കെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതാണ്‌ പ്രധാനം. ലോകം നമ്മുടെ വിരല്‍ത്തുമ്പിലെത്തുകയും ലോകത്തിന്റെ ഏതുകോണിലുള്ള ആളെയും ഞൊടിയിട കൊണ്ട്‌ ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടാവുകയും ചെയ്‌തപ്പോള്‍ നമുക്കു പറ്റിയ ദുരന്തമാണ്‌ അടുത്തുള്ളതൊക്കെ ഒരുപാട്‌ അകന്നു പോയി എന്നുള്ളത്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകള്‍ എവിടെ പഠിക്കുന്നു എന്നു നമുക്കറിയാം. നല്ലത്‌. എന്നാല്‍ നിങ്ങളുടെ വളരെയൊന്നും ദൂരെയല്ലാത്ത ബന്ധു അതു സ്‌കൂളിലാണ്‌ പഠിക്കുന്നത്‌ എന്നോ, സ്ഥിരമായി സ്‌കൂളില്‍ പോവുന്നുണ്ടോ എന്നോ നിങ്ങള്‍ക്കു പെട്ടെന്ന്‌ പറയാന്‍ കഴിയില്ലെന്നു തീര്‍ച്ച.
നിങ്ങളുടെ പിതാവ്‌ കുറച്ചുദിവസമായി ഒരു കാര്യം നിങ്ങളോടു പറയണമെന്നാഗ്രഹിക്കുന്നു. പക്ഷേ നിങ്ങളെയൊന്ന്‌ ഒറ്റയ്‌ക്ക്‌ കിട്ടുന്നില്ല. നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ തനിക്കുണ്ടായ ഒരനുഭവം നിങ്ങളോടു പറയാന്‍ കൊതിക്കുന്നു. എന്നാല്‍, നിങ്ങള്‍ക്ക്‌ അതൊന്നും അത്ര വലിയ കാര്യമായി തോന്നുകയില്ല എന്ന്‌ അവനോ അവളോ കരുതുന്നു. എല്ലാ ദിവസവും മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സംസാരിക്കാനുള്ള വിഷയമൊന്നുമില്ല എന്നു നിങ്ങള്‍ക്കു തോന്നുന്നു- ഈ സാഹചര്യത്തിലൂടെയാണ്‌ നിങ്ങള്‍ കടന്നു പോവുന്നതെങ്കില്‍ നിങ്ങള്‍ കുറേക്കൂടി മെച്ചപ്പെടാനുണ്ട്‌.
നോമ്പുതുറയുടെ ഉദ്ദേശ്യം വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള വേദിയുണ്ടാക്കലല്ല. സമൃദ്ധമായ ബന്ധങ്ങളുടെ കൂട്ടായ്‌മയാണത്‌. ഒരുമിച്ചിരുന്ന്‌, കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌, പരസ്‌പരം അഭിവൃദ്ധിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു പിരിയുന്നത്‌ എത്ര സന്തോഷകരമായിരിക്കും! കുടുബബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംഗമങ്ങളായി നോമ്പുതുറയുള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ മാറണം. അത്‌ സമ്പത്തിന്റെ പ്രദര്‍ശനമല്ല തന്നെ.

8. റമദാന്‍: കാരുണ്യത്തിന്റെ മാസം

മനുഷ്യന്‌ ഏറ്റവും സമീപസ്ഥനായ അല്ലാഹു, അവന്‌ അളവറ്റ അനുഗ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യര്‍ക്കുള്ള സമീപനത്തെക്കുറിച്ച അല്ലാഹു ഇടയ്‌ക്കിടെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുക സ്വാഭാവികമായ ഉത്തരവാദിത്തമണല്ലോ. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നമുക്കായി തുറന്നുതന്ന മാസമാവുന്നു ഇസ്‌ലാം. നന്മകള്‍ക്ക്‌ കലവറയില്ലാത്ത പ്രതിഫലം റമദാനില്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. റമദാന്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയവന്‍ കടുത്ത നഷ്ടക്കാരനാണെന്നും അല്ലാഹുവിന്റെ കോപത്തിന്‌ അവന്‍ പാത്രമാവുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്ന മാസത്തില്‍ ദൈവത്തോട്‌ കൂടുതല്‍ അടുക്കാനായിരിക്കണം നമ്മുടെ ശ്രമം. സര്‍വശക്തന്റെ കാരുണ്യത്തിന്‌ നന്ദി പ്രകടിപ്പിക്കുക. അതുവഴി അവനോടു കൂടുതല്‍ അടുക്കുക

Sunday, September 7, 2008

7. റമദാന്‍: കണ്ണുകള്‍ പറിച്ചു നടുക

അനാവശ്യമായ കാഴ്‌ചകള്‍ മനഃപൂര്‍വം നോക്കിനില്‍ക്കുക, അതിനു വേണ്ടി പണം മുടക്കുക, കാത്തു നില്‍ക്കുക... അനാവശ്യമെന്തെന്ന്‌ ഓരോരുത്തരുടെയും മനസ്സാക്ഷി തന്നെ പറയും. അതൊക്ക കൊണ്ടു തന്നെയാണ്‌ മനസ്സാക്ഷി മനുഷ്യനിലെ ദൈവത്തിന്റെ സാന്നിധ്യമാണെന്ന്‌ ഒരു മഹാന്‍ പറഞ്ഞതും. കണ്ണുകള്‍ താഴ്‌ത്തുക എന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ.അ) പറഞ്ഞത്‌ ഓര്‍ക്കുക. ഒന്നാമത്തെ നോട്ടം നിങ്ങള്‍ക്ക്‌ ഹലാലാ(തെറ്റില്ലാത്തത്‌)ണ്‌; എന്നാല്‍ രണ്ടാമത്ത നോട്ടം ഹറാമാ(നിഷിദ്ധ)ണ്‌ എന്ന വാക്യങ്ങളും ഓര്‍ക്കുക. റമദാനില്‍ നാം കാണിക്കുന്ന സൂക്ഷ്‌മത മറ്റു മാസങ്ങളില്‍ കൂടി നിലനിര്‍ത്തണം.

6. റമദാന്‍: ജീവിതം പുതുക്കിപ്പണിയുക

കാലം തന്നെ സാക്ഷി! മനുഷ്യര്‍ തീരാനഷ്ടത്തിലാണ്‌. സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മമനുഷ്‌ഠിക്കുകയും സത്യം കൊണ്ടും സഹനം കൊണ്ടും പരസ്‌പരം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ -വിശുദ്ധ ഖുര്‍ആന്‍ 103.


ദൈവഹിതത്തിനനുസൃതമായി ലോകത്തിന്റെ നന്‍മയ്‌്‌ക്കു വേണ്ടി എങ്ങനെയാണ്‌ മനുഷ്യന്‍ ഭൂമിയില്‍ അധിവസിക്കേണ്ടത്‌ എന്നു വ്യക്തമാക്കുന്ന മനോഹരവും അര്‍ത്ഥഗര്‍ഭവുമായ ഖുര്‍ആന്റെ അധ്യായമാണിത്‌. സത്യമെന്തെന്നു ഗ്രഹിക്കുകയാണ്‌ ജീവിതവിജയത്തിന്‌ വേണ്ട അടിത്തറ എന്നു ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. യഥാര്‍ത്ഥ വിശ്വാസിയാവുക എന്നതാണ്‌ പരമപ്രധാനം. വിശ്വാസത്തിനനുസരിച്ചായിരിക്കുമല്ലോ ഒരാളുടെ ജീവിതവും പ്രവര്‍ത്തനപദ്ധതിയുമൊക്കെ. സല്‍കര്‍മനിബദ്ധമായ വഴിയിലൂടെ വേണം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവാന്‍. ഇതു മാത്രം മതിയോ? പോരാ. സഹജീവികളെക്കൂടി നന്മയിലേക്കു നയിക്കണം. അനശ്വരമായ സത്യമെന്തെന്ന്‌ അവരെക്കൂടി ബോധ്യപ്പെടുത്തണം. ജീവിതത്തിന്റെ സര്‍വമേഖലകളിലും ദൈവികമായ സാക്ഷ്യം കാത്തുസൂക്ഷിക്കാന്‍ പരസ്‌പരം ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും വേണം. പരസ്‌പരം ജീവിത്തിന്റെയും ആദര്‍ശത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കായി ആഗ്രഹിക്കുകയും അതിനു വേണ്ടി സഹായിക്കുകയും വേണം.
'കാലം തന്നെ സാക്ഷി' എന്ന മനോഹരമായ പ്രസ്‌താവനയിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്‌ കഴിഞ്ഞ കാലം ഇക്കാര്യങ്ങളിലൊക്കെ എങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാത്രെ! രാജാക്കന്‍മാര്‍, ശില്‍പ്പികള്‍, കച്ചവടക്കാര്‍ ഇങ്ങനെ പ്രാഗല്‍ഭ്യം തെളിയിച്ചവരും അല്ലാത്തവരുമായി നിരവധി ഗോത്രങ്ങള്‍, ചരിത്രപഥങ്ങള്‍ കടന്നുപോയി. പലരും നന്‍മയുടെ നിര്‍ദേശങ്ങളെ അവഗണിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്‌തു. അവര്‍ക്ക്‌ അല്ലാഹു അതിന്‌ അര്‍ഹമായ തിരിച്ചടി നല്‍കുകയും ചെയ്‌തു. ഇത്തരത്തില്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍ 'നിങ്ങളേക്കാള്‍ മെച്ചപ്പെട്ട ജനതയെ' ഭൂമിയില്‍ അവതരിപ്പിക്കുമെന്ന്‌ സര്‍വശക്തന്‍ പ്രഖ്യാപിച്ചിരിക്കുന്നതും അത്യന്തം ചിന്തനീയമാണ്‌. സത്യം ഗ്രഹിക്കാനും സഹനം പാലിക്കാനുമുള്ള നിമിത്തമായിരിക്കണം ഓരോ റമദാനും.

Friday, September 5, 2008

5. റമദാന്‍: ആത്മനിര്‍വൃതിയുടെ പാത

ഒരു ദൈവവിശ്വാസിക്ക്‌ ഏറ്റവും വലിയ സംതൃപ്‌തി ലഭിക്കുന്നത്‌ ദൈവത്തിന്റെ നിര്‍ദേശത്തിനനുസരിച്ച്‌ സല്‍കര്‍മം ഭംഗിയായി നിര്‍വഹിക്കുമ്പോഴാണ്‌. വ്രതം അത്തരത്തില്‍ സ്വയം സ്വീകരിക്കുന്ന, ദൈവവും അയാളും തമ്മില്‍ മാത്രമുള്ള ഒരിടപാടാണെന്നു പറയാം. നോമ്പുകാരന്‌ സൂര്യാസ്‌തമയത്തോടനുബന്ധിച്ച്‌ ലഭ്യമാവുന്ന സംതൃപ്‌തിയെക്കുറിച്ച്‌ വിവരിക്കുക അസാധ്യമാണ്‌. ആ സമയത്ത്‌ അവന്റെ മനസ്സ്‌ അല്ലാഹുവിന്റെ അപാരമായ വാല്‍സല്യത്താലും കാരുണ്യത്താലും തരളിതമാവുന്നു. ഇങ്ങനെ സ്വയം സമര്‍പ്പിക്കപ്പെടുന്നതിലൂടെ കരസ്ഥമാക്കാവുന്ന മനസ്സിന്റെയും ശരീരത്തിന്റെയും നിര്‍വൃതിയാണ്‌ റമദാന്‍.

Thursday, September 4, 2008

4. റമദാന്‍: സൗന്ദര്യത്തെക്കുറിച്ച്‌ ബോധവാനാവുക

മനുഷ്യനെ ദൈവം ഏറ്റവും സുന്ദരമായ രൂപത്തിലാണു സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‌ മറ്റു ജീവികള്‍ക്കില്ലാത്ത വിവേചനബുദ്ധി നല്‍കി ദൈവം അനുഗ്രഹിച്ചു. വികാസം പ്രാപിച്ച തലച്ചോറ്‌, പുതിയ മേഖലകള്‍ തേടിപ്പോവാനുള്ള ചിന്താശേഷി എന്നിവ മനുഷ്യന്റെ മാത്രം സവിഷേതകളാണ്‌. ഇനി ആലോചിച്ചു നോക്കൂ. ഇത്രയും അനന്യമായ ഒരു സൃഷ്ടിയായ മുനഷ്യന്‍ ഈ സവിശേഷതകളെ എങ്ങനെയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌? ദൈവം നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികള്‍ കാണിച്ചു തന്നതായി ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന വഴി സ്വന്തം കഴിവുകള്‍ ഉപയോഗിച്ച്‌ മറ്റുള്ളവരുടെ മേല്‍ മേല്‍ക്കോയ്‌മ സ്ഥാപിക്കുക എന്നതാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൂട്ടത്തില്‍ ഒന്നാമനാവാനുള്ള ധൃതി. എന്നാലോ ഈ ആവേശം ഒരിക്കലും അവസാനിക്കുകയോ അമിതാഗ്രഹങ്ങള്‍ ശമിക്കുകയോ ചെയ്യുന്നില്ല. ഫലത്തില്‍ ശാരീരികമായി മറ്റുള്ളവരെ തോല്‍പ്പിക്കാനായാലും മാനസികമായി അയാള്‍ പരാജയപ്പെടുന്നു. സ്വസ്ഥമായ ജീവിതം എന്നു പറയുന്നത്‌ ഇത്തരക്കാര്‍ക്ക്‌ ഒരു അല്‍ഭുതമായി തോന്നും.ഇനി രണ്ടാമത്തെ വഴിയിലൂടെ കടന്നുപോവുന്നവരെ നോക്കുക. മറ്റുള്ളവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളാവുകയും ഒരു പുഞ്ചിരിയില്‍ പോലും നന്മയുണ്ടെന്നും തിരിച്ചറിയുകയും ചെയ്യുന്നവരാണവര്‍. ഇത്തരക്കാര്‍ക്ക്‌ ഒരിക്കലും അവസാനിക്കാത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവില്ല. അതു കൊണ്ട്‌ അവര്‍ക്ക്‌ ഉള്ളു തുറന്നു സംസാരിക്കാനും മറയില്ലാതെ സംസാരിക്കാനും മാതൃകാപരമായി ജീവിക്കാനും കഴിയും. വഴിയില്‍ ഒരു മുള്ളു കണ്ടാല്‍ അതു മാറ്റിയിടണമെന്ന പ്രവാചകവചനം തീരെച്ചെറിയ കാര്യങ്ങളില്‍ പോലും ഒരു വിശ്വാസി കാണിക്കേണ്ട സൂക്ഷ്‌മതയും അയാള്‍ അനുവര്‍ത്തിക്കേണ്ട ഗുണകാംക്ഷയും വ്യക്തമാക്കുന്നു. വ്യക്തമായി നന്മയുടെ പക്ഷക്കാരനായാല്‍ മാത്രമേ ദൈവത്തോട്‌ അടുത്തു നില്‍ക്കുന്നയാളാവാന്‍ നമുക്കു സാധിക്കൂ. അപ്പോള്‍ നമുക്കു നല്‍കിയിട്ടുള്ള ശാരീരിക മാനസിക സൗന്ദര്യങ്ങള്‍ നന്മയുടെ വഴിയെ യാത്ര ചെയ്യാനുള്ളതാണ്‌. തെറ്റായ ഒരു ചെറിയ പ്രവൃത്തി മറ്റനേകം തെറ്റുകള്‍ സൃഷ്ടിക്കുന്നു എന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം. അങ്ങനെ നമ്മുടെ സൗന്ദര്യത്തെ അല്ലെങ്കില്‍ ജീവിതത്തെ നാം തന്നെ അര്‍ത്ഥവത്താക്കണം. നേരിയ പാളിച്ചകളില്‍ നിന്നുപോലും സൂക്ഷ്‌മത പാലിക്കേണ്ടതുണ്ട്‌ എന്ന്‌ വ്രതമനുഷ്‌ഠിക്കുന്ന ഒരാള്‍ക്കു സ്വയം തോന്നുന്നു. ഇത്തരത്തില്‍ കാണിക്കുന്ന ജാഗ്രത ജീവിത്തിലുടനീളം മേല്‍പ്പറഞ്ഞ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നു.

Wednesday, September 3, 2008

3. റമദാന്‍: സത്യത്തിന്റെ വില

സത്യത്തിന്റെ വില എത്ര വലുതാണെന്നു പറയുന്ന ഒട്ടേറെ സാരോപദേശങ്ങള്‍ മനുക്കൊക്കെ അറിയാം. പക്ഷേ അതു പ്രവര്‍ത്തികമാക്കാന്‍ നമുക്കു മടിയാണെന്നു മാത്രം. സത്യവിശ്വാസികളേ എന്ന ഖുര്‍ആന്റെ ആവര്‍ത്തിച്ചുള്ള അഭിസംബോധന മാത്രം മതി ഒരാള്‍ക്ക്‌ സത്യത്തിന്റെ വക്താവാകാനുള്ള പ്രചോദനം. വിശാലമായ അര്‍ത്ഥത്തിലെന്ന പോലെ നേരിയ കാര്യങ്ങളില്‍ പോലും സ്‌തയം അനുവര്‍ത്തിക്കേണ്ടതുണ്ട്‌. വ്രതമനുഷ്‌ഠിക്കുകയും സത്യത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയും ചെയ്‌താല്‍ വ്രതം വെറും ഒരു ചടങ്ങായി മാറുന്നു. വ്രതം അല്ലാഹുവിനുള്ളതാണ്‌ എന്ന വിശുദ്ധ വാക്യത്തിനു വിരുദ്ധമായി, തനിച്ചാവുമ്പോള്‍ തെറ്റുചെയ്യുന്നവര്‍ ഖുര്‍ആന്റെ മറ്റൊരു പ്രഖ്യാപനം ഓര്‍ക്കുന്നതു നന്ന്‌: അല്ലാഹു എല്ലാം കാണുന്നവുനം കേള്‍ക്കുന്നവനുമാവുന്നു

Tuesday, September 2, 2008

2. റമദാന്‍: സഹജീവികളോടുള്ള കടമകള്‍ ഓര്‍മപ്പെടുത്തല്‍

കണ്ണുപോയാലെ കണ്ണിന്റെ വിലയറിയൂ എന്നു സാധാരണ പറയാറുണ്ട്‌. സുഭിക്ഷമായ ജീവിതം നയിക്കുന്ന ഒരാള്‍ക്ക്‌ പട്ടിണി കിടക്കുന്ന തന്റെ സഹജീവിയെക്കുറിച്ച്‌ എന്തായിരിക്കും ചിന്തിക്കാനുണ്ടാവുക? പട്ടിണിയും പരിവട്ടവുമായി ജീവിച്ചുവളര്‍ന്ന ഒരാള്‍ ഭാവിയില്‍ വലിയ ഉദ്യോഗസ്ഥനാവുന്നതു സങ്കല്‍പ്പിക്കുക. മറ്റൊരാള്‍ എല്ലാ സൗകര്യവുമനുഭവിച്ച്‌ വളര്‍ന്ന്‌ ഉന്നതസ്ഥാനത്തെത്തുന്നതും സങ്കല്‍പ്പിക്കുക. ആര്‍ക്കായ്രിക്കും കൂടുതല്‍ സഹജീവിസ്‌നേഹം? പട്ടിണിക്കാരന്‌ അയാളുടെ ഔദ്യോഗിക ജീവിതത്തില്‍ പണക്കാരോട്‌ വെറുപ്പുണ്ടാവാന്‍ സാധ്യത വളരെക്കുറവാണ്‌. നേരിയ ബുദ്ധിമുട്ടുകളെക്കുറിച്ചു പോലും വ്യക്തമായ ബോധം ഇയാള്‍ക്കുണ്ടാവും എന്നതു തന്നെ ഇതിനു കാരണം. സമ്പന്നനാവട്ടെ, പല കാര്യങ്ങള്‍ പറഞ്ഞ്‌, സാങ്കേതിക കാരണങ്ങള്‍ അനാവശ്യമായി എടുത്തിട്ട്‌ കാര്യങ്ങള്‍ ഒരു നടയ്‌ക്ക്‌ നടക്കാത്ത അവസ്ഥയുണ്ടാക്കുന്നു. വെള്ളത്തിന്റെ വില ബാത്ത്‌ടബ്ബില്‍ കുളിക്കുന്നയാള്‍ക്കു മനസ്സിലാവണമെങ്കില്‍ ടാങ്കിലെ വെള്ളം തീരണം. ഇതു പോലെത്തന്നെയാണ്‌ ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടെയും കാര്യം.
വ്രതം ഇക്കാര്യത്തില്‍ മറ്റൊരു സംവിധാനത്തിനും സാധിക്കാത്ത മാറ്റമുണ്ടാക്കുന്നു. സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ കാണാന്‍ ശ്രമിക്കുകയും അതേക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ കഴിച്ചുകൂട്ടുന്നവന്‌ സ്വാഭാവികമായും മറ്റുള്ള കാര്യങ്ങളിലും നിയന്ത്രണമുണ്ടാവുന്നു. അനാവശ്യ പ്രവര്‍ത്തികളില്‍ നിന്ന്‌ അറിയാതെത്തന്നെ ഒരു നിയന്ത്രണം നോമ്പുകാരനുണ്ടാവുന്നു. ഏകനായ ദൈവത്തെ സമരിക്കുകയും സര്‍വവും അവനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതോടെ ഈ നിയന്ത്രണം പൂര്‍ണമാവുന്നു. വിശപ്പുള്ളവനോടു സഹതാപമുണ്ടായാല്‍ത്തന്നെ ലോകത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി. സ്‌നേഹവും സഹാനുഭൂതിയുമുള്ള മനസ്സുകളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും സര്‍വശ്‌കതനു സമര്‍പ്പിച്ച വ്രതത്തിനു സാധിക്കും.

Monday, September 1, 2008

1. റമദാന്‍: പുണ്യങ്ങളുടെ പൂക്കാലം

മാനവസമൂഹത്തിന്‌ വിമോചനത്തിന്റെ ദിവ്യസന്ദേശം നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ്‌ റമദാന്‍. ഉദയം മുതല്‍ അസ്‌തമയം വരെ വിശ്വാസികള്‍ അന്നപാനീയങ്ങളെല്ലാം ഉപേക്ഷിച്ച്‌ ദൈവസ്‌മരണയില്‍ മുഴുകി കഴിയുന്നു. രാത്രിയില്‍ പ്രാര്‍ത്ഥനകളുടെ ആവര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നു.
വെറും പട്ടിണി അല്ലാഹുവിന്‌ ആവശ്യമില്ലെന്ന ഖുര്‍ആന്റെ വ്യക്തമാക്കലിലൂടെ നമുക്ക്‌ മനസ്സിലാക്കാവുന്ന കാര്യം ആത്മാര്‍ത്ഥമായ സമര്‍പ്പണമാണ്‌ സര്‍വശക്തന്‍ വിലമതിക്കുന്നത്‌ എന്നാണ്‌. അല്ലാഹു നിങ്ങളുടെ ഹൃദയത്തിലേക്കാണ്‌ നോക്കുന്നത്‌ എന്ന വാക്യവും ഏറെ ചിന്തനീയമാണ്‌. ഒരു വര്‍ഷത്തിലെ 11 മാസങ്ങള്‍ക്കു വേണ്ട തയ്യാറെടുപ്പും 11 മാസങ്ങളില്‍ നിന്നുള്ള മോചനവുമായി റമദാനിനെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടു തന്നെ. വിശപ്പ്‌ നല്‍കുന്ന നിയന്ത്രണം ദൈവിക സ്‌മരണയില്‍ ഊതിക്കാച്ചിയെടുക്കുന്നതോടെ വ്രതം വിശ്വാസിയുടെ വിമോചനം തന്നെയായി മാറുന്നു. നോമ്പുകാലത്ത്‌ നന്മകള്‍ക്കു സര്‍വശക്തന്‍ കൂടുതല്‍ പുണ്യം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. നേരത്തേ പറഞ്ഞ മോചനവും തയ്യാറെടുപ്പും ഒരാളുടെ ഹൃദയത്തെ എത്ര കണ്ടു ശുദ്ധീകരിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണ്‌ ഈ അധികപ്രതിഫലം. അതു കൊണ്ടു തയ്യാറാവുക; പുണ്യങ്ങളുടെ പൂക്കാലത്തിന്റെ ഭംഗിയും സുഗന്ധവും ആസ്വദിക്കാന്‍.

വിശുദ്ധ റമദാനിന്റെ പാഠങ്ങള്‍, ഓര്‍മകള്‍,.......

വിശുദ്ധ റമദാനിന്റെ പാഠങ്ങള്‍, ഓര്‍മകള്‍,.......
നന്മതിന്മകളുടെ കണക്കുപുസ്‌തകത്തില്‍ നിങ്ങള്‍ എത്ര നന്മകള്‍ എഴുതിച്ചേര്‍ത്തു?