Friday, September 19, 2008

17. റമദാന്‍: വഴികള്‍ എല്ലാവര്‍ക്കുമുള്ളതാണ്‌

ഒരു പക്ഷേ കേരളീയരുടെ മാത്രം ശീലമായിരിക്കും സദാ തുപ്പിക്കൊണ്ടു നടക്കുക എന്നത്‌. മറ്റുള്ളവര്‍ക്കു കൂടി നടന്നു പോവാനുള്ളതാണ്‌ വഴികള്‍ എന്ന ധാരണയില്ലാത്തതും ഒന്നു തുപ്പിയാലെന്താ എന്ന നിഷേധാത്മക നിലപാടുമാണ്‌ ഈ ദുശ്ശീലത്തിന്റെ പ്രധാനകാരണം. ഇതൊക്കെ വയസ്സന്‍മാരുടെയും മുറുക്കുന്നവരുടെയും ശീലമാണെന്ന്‌ ചില ചെറുപ്പക്കാര്‍ പറയുന്നു. പല പൊതുസ്ഥലങ്ങളിലും ച്യൂയിങ്‌ഗം ഒട്ടിച്ചുവയ്‌ക്കുന്നവര്‍ വയസ്സന്‍മാരല്ല. ബസ്‌സ്റ്റോപ്പുകളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും ഇരിപ്പിടങ്ങളിലും കൈകാലുകള്‍ വയ്‌ക്കുന്നിടത്തും ഇതുകാണാം. മറ്റുള്ളവര്‍ ചവച്ചുതുപ്പിയ ച്യൂയിങ്‌ഗം കൈകാലുകളില്‍ പുരളുന്നത്‌ ഓര്‍ത്തു നോക്കൂ. കേരളത്തിലെ നിരത്തുകളില്‍ രാവിലെ കുളിച്ച്‌ ഭംഗിയായി നടന്നുപോവുമ്പോള്‍ തുപ്പലില്‍ ചവിട്ടാതെ നടക്കാന്‍ അല്‍പ്പമൊന്നു സൂക്ഷിക്കേണ്ടി വരുന്നു. ഇതു തുപ്പലിന്റെയും ച്യൂയിങ്‌ഗത്തിന്റെയും മാത്രം കാര്യമല്ല. മറ്റൊരാള്‍ക്ക്‌ ബുദ്ധിമുട്ടാണ്ടുക്കുന്ന എല്ലാ ശീലങ്ങളും നാം ഉപേക്ഷിക്കേണ്ടതുണ്ട്‌. ഓഫിസിലും ക്ലാസ്‌മുറിയിലും കടലാസു കഷ്‌ണങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും തീവണ്ടിയുടെ ചുവരുകളില്‍ അശ്ലീലം കോറി വയ്‌ക്കുന്നതും വരെ ഇത്തരം ദുശ്ശീലങ്ങളുടെ കൂട്ടത്തില്‍പ്പെടും. മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നു മാറിനില്‍ക്കാന്‍ ഏറ്റവും പ്രധാന പ്രേരണ സ്വയം കാണിക്കുന്ന ലളിതവും എന്നാല്‍ അമൂല്യവുമായ ജാഗ്രതയാണ്‌. ഈ ജാഗ്രത സഹജീവിസ്‌നേഹത്തില്‍ നിന്ന്‌ ഉടലെടുക്കുന്നതുമാണ്‌. ദൈവം ചെറിയ നന്മകള്‍ പോലും കാണുന്നു എന്നു മനസ്സിലാക്കുക. വിധിനിര്‍ണയ നാളിലെ അവസ്ഥാവിശേഷം ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

അണുമണി തൂക്കം നന്മ ചെയ്‌തവന്‍ അതു കാണും; അണുമണി തൂക്കം തിന്മ ചെയ്‌തവന്‍ അതും കാണും.

1 comment:

ഒരു “ദേശാഭിമാനി” said...

ഒരു വ്യക്തിയെ ഇന്‍സള്‍ട്ട് ചെയ്യാന്‍ അയാളുടെ മുന്‍പില്‍ നിന്ന് കൊണ്ട് “ആടു ചവക്കുന്നപോലെ” ചൂയിങ് ഗം ചവച്ചു നിന്നാല്‍ മതി! ഒരു അളെ ഏറ്റവും വ്രുത്തികെട്ടരീതിയില്‍ കാണാന്‍ പറ്റുന്നതും വകതിരിവില്ലാതെ ചവച്ചുകൊണ്ട് മുന്‍പിന്‍ അയാള്‍ നില്‍ക്കുമ്പോഴാണു!